ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി – ഡല്‍ഹി സർവീസ് നവംബർ ഒമ്പതിന് ആരംഭിക്കും. 2020ലെ ഗല്‍വാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് തകർന്ന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകള്‍ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻഡിഗോ സർവീസ് പ്രഖ്യാപിച്ചിരുന്നു. അതിർത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും പുതിയ വഴികള്‍ തുറക്കുന്ന സർവീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്നാണ് പ്രതീക്ഷ.
ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ചർച്ചകളും, ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുടെ സാങ്കേതിക കൂടിയാലോചനകള്‍ എന്നിവയാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത്.
ആഗോള തലത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാൻ വിമാന സർവീസ് പുനരാരംഭിച്ചത് വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക സാംസ്‌കാരിക ബന്ധം ശക്തിപ്പെടാത്താനും ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കിടയില്‍ നേരിട്ടുള്ള ആശയവിനിമയവും സഹകരണവും വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
SUMMARY: India-China air service resumes after a gap of four years














