കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍ പാകിസ്ഥാന് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. രണ്ടുമാസം ഇന്ത്യയ്ക്കുള്ള വ്യോമപാത അടച്ചിട്ടതിലൂടെ മാത്രം 127 കോടി രൂപയോളമാണ് നഷ്ടം സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30വരെയാണ് പാക് ആകാശപാത ഇന്ത്യയ്ക്ക് വിലക്കിയത്. പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച പാക് പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഏപ്രിൽ 23 ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് ഒരു ദിവസത്തിന് ശേഷം, ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചു. ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഈ നീക്കം പാകിസ്ഥാന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. 100-150 ഓളം വിമാനങ്ങളാണ് വ്യോമാതിർത്തിയിലൂടെ പോയിരുന്നത്.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത വിലക്കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ വഴിയുള്ള വ്യോമ ഗതാഗതത്തില്‍ 20 ശതമാനത്തോളമാണ് ഇടിവ് ഉണ്ടായത്. അതേസമയം സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കേണ്ട സമയങ്ങളില്‍ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പിന്നോട്ട് പോകിലെന്നും മന്ത്രാലയം ന്യായീകരിക്കുന്നു. ഓഗസ്റ്റ് 23 വരെയാണ് ഇന്ത്യ പാക്കിസ്ഥാനുള്ള വ്യോമപാത വിലക്ക് നീട്ടിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ഈ മാസം അവസാനം വരെയും വ്യോമപാത വിലക്ക് നീട്ടിയിട്ടുണ്ട്.
SUMMARY: Indian airspace closed; Pakistan loses crores