കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ രൂപീകരിച്ചത്. പ്രതി റമീസിനായുള്ള അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തിയെന്ന പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയുടെ പിതാവിനെയും മാതാവിനെയും ഉടന്‍ ചോദ്യം ചെയ്യും. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിന് പിന്നാലെ വീട്ടില്‍ നിന്ന് സോന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചതായും സോന ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
റമീസ് സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍ നിന്നാണ് പോലീസിന് തെളിവ് ലഭിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കാതെ ആത്മഹത്യ ചെയ്യാനായിരുന്നു റമീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ വിവാഹ വാഗ്ദാനം നല്‍കി പീഡനം, ശാരീരിക ഉപദ്രവം ഏല്‍പിക്കല്‍ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
SUMMARY: Investigation into the suicide of a young woman in Kothamangalam; A 10-member team has been formed