അബുദാബി: അടുത്ത സീസൺ ഐ.പി.എല്ലിലേക്കുള്ള മിനി താരലേലം ഇന്ന് അബുദാബിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയിൽ 359 പേരാണുള്ളത്. 246 പേർ ഇന്ത്യൻ താരങ്ങളാണ്. ആകെ 77 താരങ്ങൾക്കായി 10 ഫ്രാഞ്ചൈസികൾ രംഗത്തിറങ്ങും. 30 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് അടിസ്ഥാന വില. മാർച്ച് 21 മുതൽ മേയ് 31 വരെയാണ് 19ാം സീസൺ മത്സരങ്ങൾ.
മിക്ക ടീമുകളും തങ്ങളുടെ പ്രധാന താരങ്ങളെ നിലനിറുത്തിയിരിക്കുന്നതിനാൽ മറ്റ് താരങ്ങൾക്ക് വേണ്ടിയാകും ലേലം നടക്കുക. സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങളുടെ കൂടുമാറ്റവും ലേലത്തിന് മുമ്പ് പൂർത്തിയായിരുന്നു. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് സഞ്ജു പോയതിനാൽ ലേലത്തിലുണ്ടാവില്ല.
ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി പട്ടികയിൽ 40 പേരുണ്ട്. ഇതില്‍ രണ്ടുപേർ ഇന്ത്യക്കാരാണ്, ബാറ്റിങ് ഓൾ റൗണ്ടർ വെങ്കടേശ് അയ്യരും സ്പിന്നർ രവി ബിഷ്ണോയിയും. ആസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയവർ രണ്ടു കോടി പട്ടികയിലുണ്ട്. ലേലത്തിൽ പങ്കെടുക്കുന്നവരിൽ 113 പേർ വിദേശികളാണ്.
അഫ്ഗാനിസ്താൻ (10), ആസ്‌ട്രേലിയ (21), ബംഗ്ലാദേശ് (7), ഇംഗ്ലണ്ട് (22), അയർലൻഡ് (1), ന്യൂസിലൻഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റിൻഡീസ് (9), മലേഷ്യ (1) എന്നിങ്ങനെയാണ് പ്രാതിനിധ്യം.
ഇക്കുറി താരലേലത്തിൽ 11 മലയാളി താരങ്ങളാണുള്ളത്. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി മുംബയ് ഇന്ത്യൻസിലെത്തിയ വിഘ്നേഷ് പുത്തൂർ, രോഹൻ കുന്നുമ്മൽ,സൽമാൻ നിസാർ,കെ.എം ആസിഫ്,അഹമ്മദ് ഇമ്രാൻ, അബ്ദുൽ ബാസിത്ത്.ജിക്കു ബ്രൈറ്റ്,ശ്രീഹരി നായർ, അഖിൽ സ്കറിയ,എം. ഷറഫുദ്ദീൻ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ ജിക്കു ഒഴികെയുള്ളവർ കേരളത്തിനായി വിവിധ ഏജ് ഗ്രൂപ്പ് ദേശീയ ടൂർണമെന്റുകളിലും കെ.സി.എല്ലിലും കളിച്ചിട്ടുള്ളവരാണ്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ ജിക്കു മുംബയ് ഇന്ത്യൻസിന്റെ നെറ്റ് ബൗളർമാരുടെ പട്ടികയിൽ ഉണ്ടായിരുന്നു. മുംബയ് ഇന്ത്യൻസിന്റെ ആവശ്യപ്രകാരമാണ് ജിക്കുവിനെ ലേലത്തിൽ ഉൾപ്പെടുത്തിയത്.
SUMMARY: IPL star auction today in Abu Dhabi














