ബെംഗളുരു: ഇരുമ്പയിര് കയറ്റുമതി കേസുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13, 14 തീയതികളിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ, ഇഡി ഏകദേശം 1.5 കോടി രൂപയും 7 കിലോ സ്വർണവും പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ വർഷം, അതായത് 2024 ഒക്ടോബർ 26-ന്, ഇരുമ്പയിര് അഴിമതി കേസിൽ കർണാടകയിലെ പ്രത്യേക കോടതി സതീഷ് സെയ്ലിന് ഏഴ് വർഷം തടവും 44 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും, 2024 നവംബറിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
2009-10 കാലഘട്ടത്തിൽ കർണാടകയിൽ നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി സെയ്‌ലിനെതിരെ നടപടിയെടുത്തത്. സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബേലിക്കേരി തുറമുഖം വഴി വൻതോതിൽ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളെ തുടർന്നാണ് 2010-ൽ ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ മലയാളികൾക്കിടയിൽ സതീഷ് കെ സെയ്ല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
SUMMARY: Iron ore export case; Karwar MLA Satish Krishna Sail arrested