ബെംഗളൂരു: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കർണാടക ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു. പണിമുടക്കുമായി മുന്നോട്ടു പോകരുതെന്ന കോടതി നിർദേശം അവഗണിച്ച് ഇന്ന് സർവീസുകൾ നിർത്തിവച്ച് ജീവനക്കാർ സമരത്തിലേക്കു കടന്നിരുന്നു. പിന്നാലെ ജസ്റ്റിസുമാരായ വിഭു ബഖ്രു, സി.എം. ജോഷി എന്നിവർ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.
സമരം തുടർന്നാൽ തൊഴിലാളി നേതാക്കൻമാർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സർക്കാരുമായി ചർച്ച നടത്തിയ രമ്യമായി പ്രശ്നം പരിഹരിക്കണമെന്നും നിർദേശിച്ചു. ഇതോടെയാണ് കോടതിയെ തങ്ങളുടെ വാദങ്ങൾ ബോധിപ്പിക്കുന്നതുവരെ പണിമുടക്ക് നിർത്തിവയ്ക്കാൻ സംഘടനാ നേതാക്കൾ തീരുമാനിച്ചത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ജീവനക്കാർ പണിമുടക്കിലേക്കു കടന്നത്.
2020 ജനുവരി 1 മുതൽ 2023 ഫെബ്രുവരി 28 വരെ സർക്കാർ ശമ്പള കുടിശികയിനത്തിൽ നൽകാനുള്ള 1785 കോടി രൂപ നൽകണം, 25% ശമ്പള വർധന നടപ്പിലാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരം.
SUMMARY: Karnataka RTC’s interference, trade unions suspend strike till August 7.