ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ സിറ്റി പോലീസും ഭീകരവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ് നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് രാജയെ പിടികൂടിയത്.
1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂരിൽ 58 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയുണ്ടായത്.
നിരോധിത സംഘടനയായ അൽ-ഉമ്മയുടെ കേഡറായിരുന്ന രാജ സ്ഫോടനത്തിനു പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. തയ്യൽക്കട നടത്തിയിരുന്ന ഇയാൾ സ്ഫോടനം നടത്താൻ വിവിധ ഇടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചു. ഇതിനായി വീട് വാടകയ്ക്ക് എടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിലെ മറ്റൊരു മുഖ്യപ്രതി മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്. 167 പ്രതികളുണ്ടായിരുന്ന കേസിൽ 153 പേരാണ് ശിക്ഷിക്കപ്പെട്ടത്. പിഡിപി നേതാവ് അബ്ദുൽ നാസർ മദനി 9 വർഷവും 3 മാസവും ജയിലിൽ കഴിഞ്ഞിരുന്നു. അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.
SUMMARY: Key accused in 1998 Coimbatore serial blast case arrested in Bengaluru.