ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. പാക് പിന്തുണയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 1,597 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. സേന വധിച്ച മൂന്ന് പാക് ഭീകരരാണ് കേസിലെ പ്രധാന പ്രതികള്‍. തദ്ദേശീയരായ മൂന്നുപേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മുകശ്മീരിലെ എന്‍ഐഎ കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്.
പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ (LeT), അതിന്റെ പോഷക സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) എന്നീ ഭീകര സംഘടനകള്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലഷ്‌കറെ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണം ടിആര്‍എഫ് വഴി നടപ്പാക്കിയെന്നാണ് ഇതില്‍ പറയുന്നത്. ലഷ്‌കറെ ത്വയ്ബയുടെ പ്രധാന കമാന്‍ഡറായ സാജിദ് ജാട്ടിനാണ് പഹല്‍ഗാം ആക്രമണത്തിന്റെ പ്രധാന ചുമതലയുണ്ടായിരുന്നത്. കുറ്റപത്രത്തില്‍ ഇയാളുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലായില്‍ ശ്രീനഗറിന് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാകിസ്താന്‍ ഭീകരരായ സുലൈമാന്‍ ഷാ, ഹബീബ് താഹിര്‍ (ജിബ്രാന്‍ എന്നും അറിയപ്പെടുന്നു), ഹംസ അഫ്ഗാനി എന്നിവരെയും എന്‍.ഐ.എ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുണ്ട്.
ഏപ്രില്‍ 22-നാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. തുടര്‍ന്ന് നാല് ദിവസം യുദ്ധസമാനമായ സംഘര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായത്. പഹല്‍ഗാമില്‍ 26 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ 65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രനും ഉള്‍പ്പെടും. കുടുംബത്തോടൊപ്പം കശ്മീരില്‍ വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. കുടുംബത്തിന്റെ കണ്‍മുന്നില്‍ വെച്ചാണ് ഇദ്ദേഹത്തെ ഭീകരര്‍ കൊലപ്പെടുത്തിയത്.
SUMMARY: Lashkar behind Pahalgam massacre; NIA files chargesheet














