അബൂദബി: അബൂദബിയിൽ താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസായിരുന്നു. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.
ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല.
10 വർഷത്തിലേറെയായി പ്രവാസിയാണ്. അബൂദബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവമായിരുന്നു. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവിസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടികൾ പുരോഗമിക്കുന്നു.
SUMMARY: Malayali female doctor found dead at her residence in Abu Dhabi