ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു. ആളപായമില്ല. പുക ശ്വസിച്ച് 13 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ‘ബ്ലൂ സോണി’ൽ തീപിടുത്തമുണ്ടായത്. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു കരാറിലെത്താന്‍ പ്രതിനിധികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മിനിറ്റുകള്‍ക്കകം തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഇതിനിടെ പുക ശ്വസിച്ച പതിമൂന്ന് പേര്‍ക്ക് ചികിത്സ തേടിയതായും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാന പ്ലീനറി ഹാൾ ഉൾപ്പെടെ എല്ലാ മീറ്റിംഗുകളും ചർച്ചകളും കൺട്രി പവലിയനുകളും മീഡിയ സെന്റർ, ഉന്നത വ്യക്തികളുടെ ഓഫീസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഇടമാണ് ബ്ലൂ സോൺ. തീപിടിത്തമുണ്ടായി ഉടൻ തന്നെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ളവരെ വേദിയിൽ നിന്ന് മാറ്റി. കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവും വേദിയിലുണ്ടായിരുന്നു ഈ മാസം 10ന് ആരംഭിച്ച ഉച്ചകോടി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
SUMMARY: Massive fire breaks out at climate summit venue; delegates evacuated, everyone safe













