ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെയും രാജകുടുംബത്തിന്റെയും വിഗ്രഹത്തിൽ പുഷ്പങ്ങൾ ചാർത്തികൊണ്ടാണ് മുഷ്താഖ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ജനപ്രതിനിധികളും രാജകുടുംബാംഗങ്ങളും പങ്കെടുത്തു.
ഈ വർഷത്തെ മൈസൂരു ദസറ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുമെന്ന കർണാടക സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വിവാദം ഉയര്‍ന്നിരുന്നു. ഹിന്ദു ഉത്സവമായ ദസറ ഒരു മുസ്ലിം വനിത ഉദ്ഘാടനം ചെയ്യുന്നതു ശരിയല്ലെന്ന ബിജെപി മുൻ എംപി പ്രതാപ് സിംഹയുടെ പ്രസ്താവനയാണ് ഏറെ വിവാദമായത്. എന്നാൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ബാനു മുഷ്താഖും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് അടക്കം നൽകിയ ഹർജി കർണാടക ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഹിന്ദു സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാളെ ക്ഷണിക്കുന്നത് മതപരമായ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരൻ വാദിച്ചത്.
2017ൽ എഴുത്തുകാരൻ കെ എസ് നിസാർ അഹമ്മദാണ് ദസറ ആഘോഷം ഉദ്ഘാടനം ചെയ്തത്. സെപ്തംബർ 22 മുതൽ ഒക്ടബോർ 2 വരെയാണ് ഇത്തവണത്തെ ദസറ ആഘോഷം. ആഘോഷത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുംനിന്ന് ആളുകൾ എത്താറുണ്ട്. ഭക്ഷ്യമേള, പുഷ്പമേള, സാംസ്കാരിക പരിപാടികൾ, പ്രശസ്തമായ ദസറ ഘോഷയാത്ര (ജംബൂ സവാരി), എയർ ഷോ, ടോർച്ച് ലൈറ്റ് പരേഡ് എന്നിവയും ദസറയുടെ ആകർഷണമാണ്.
ഒക്ടോബർ 2നു വിജയദശമി ദിനത്തിൽ മൈസൂരു കൊട്ടാര നഗരയിൽ ചാമുണ്ഡേശ്വരി ദേവി യുടെ വിഗ്രഹം പേറുന്ന സുവർണ ഹൗഡ (സ്വർണ സിംഹാ സനം) വഹിച്ചുകൊണ്ടുള്ള ജംബോ സവാരിയോടെയാണ് ദസറ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നത്.
നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു മൈസൂരു രാജവംശത്തിന്റെ നേതൃത്വത്തില്‍ 1610 മുതൽ ദസറ ആഘോഷങ്ങള്‍ നടന്നുവരികയാണ്. ബഹുജനങ്ങളുടെ ഉത്സവമായി വളർന്ന ദസറ ഇന്ന് സർക്കാരിന്റെ കീഴിലാണ് ആഘോഷിക്കുന്നത്. ഇത്തവണ 11 ദിവസമാണ് ദസറ ആഘോഷം.
SUMMARY: Mysore Dussehra begins: Bhanu Mushtaq inaugurates