ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട് നാലേ കാലിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നടക്കും. 10 മുതൽ 15 സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ രാജ്യവ്യാപക എസ്ഐആർ നടപ്പിലാകുമെന്നാണ് വിവരം. എന്നാൽ അത് ഏതൊക്കെ സംസ്ഥാനങ്ങളിലായിരിക്കും എന്നുള്ള കാര്യമാണ് നാളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുക.
വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത മാസം ഒന്നിന് രാജ്യവ്യാപക എസ് ഐ ആര്‍ തുടങ്ങാനാണ് സാധ്യത. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നീട്ടി വച്ചേക്കുമെന്ന സുചന നേരത്തെ കമ്മീഷന്‍ നല്‍കിയിരുന്നു. കേരളത്തില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ് ഐ ആര്‍ നീട്ടണം എന്ന നിര്‍ദ്ദേശം നിയമസഭയും ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇക്കാര്യം ചൂണ്ടിക്കാട്ടി. ബീഹാറിലെ എസ് ഐ ആറിനെതിരായ കേസ് സുപ്രീംകോടതിയില്‍ തുടരുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപക എസ് ഐ ആറിനുള്ള നടപടി തുടങ്ങുന്നത്.
SUMMARY: Nationwide SIR; Election Commission press conference tomorrow














