ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തു. ഇളയരാജ നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി. സിനിമയില്‍ അനുമതിയില്ലാതെ താൻ ഈണമിട്ട പാട്ടുകള്‍ ഉപയോഗിച്ചു എന്നായിരുന്നു ഇളയരാജയുടെ പരാതി.
റിലീസ് ചെയ്ത് നാല് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തത്. തൻ്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിന് ഇളയരാജ നിർമാതാക്കള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. ഏപ്രിലില്‍, ഇളയരാജ ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് നോട്ടീസ് അയച്ചിരുന്നു.
ചിത്രത്തില്‍ തൻ്റെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഇത്. ‘ഒത്ത റൂബ തരേൻ’, ‘എൻ ജോഡി മഞ്ച കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങള്‍ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. അതേസമയം, ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് ഗാനം ഉള്‍പ്പെടുത്തിയത് എന്നായിരുന്നു ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.
എന്നാല്‍, കോടതിവാദത്തിനു ശേഷം ചിത്രം പ്രദർശിപ്പിക്കുന്നതില്‍ നിന്ന് നിർമ്മാതാക്കളെ വിലക്കിക്കൊണ്ടുള്ള വിധി വരികയായിരുന്നു. ഇതോടെയാണ് നെറ്റ്ഫ്ളിക്സ് ചിത്രം നീക്കം ചെയ്തത്. കഴിഞ്ഞ മേയ് മാസത്തിലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
SUMMARY: Ilayaraja’s complaint; Netflix removes Ajith’s Good Bad Ugly