ഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍ മതപരിവർത്തം ആരോപിച്ച് കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 1 മണി വരെ നിർത്തിവച്ചു.
ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നീ എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു. രാവിലെ പാര്‍ലമെന്‍റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രതിഷേധിച്ചു.
യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു. സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ച് ബഹളം വച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്നായിരുന്നു ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാരുടെ നിലപാട്. ഒരു ആദിവാസി പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
SUMMARY: No discussion on nuns’ arrest; Kerala MPs’ urgent motion notice rejected