ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ് പ്രതിനിധികളുമായി വ്യാഴാഴ്ച മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ നടത്തിയ ചർച്ചയിലാണ് ഫീസ് വര്‍ധന വേണ്ടെന്ന് തീരുമാനിച്ചത്. നിലവിലുള്ള ഫീസ് ഘടന തുടരുമെന്നും അതേസമയം അംഗീകൃത ഫീസിനേക്കാൾ കൂടുതൽ ഈടാക്കുന്ന കോളേജുകള്‍ക്കെതിരെ പിഴ ഈടാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ സർക്കാർ ക്വാട്ടയിലുള്ള ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾക്ക് 10,000 രൂപയാണ് വാർഷികഫീസ്. മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റിൽ ഒരുലക്ഷം രൂപയും. കർണാടകത്തിന് പുറത്തുനിന്നുവരുന്ന വിദ്യാർഥികൾക്ക് 1.4 ലക്ഷം രൂപയാണ് ഫീസ്. 611 കോളേജുകളിലായി 35,000-ഓളം നഴ്‌സിങ് സീറ്റുകളാണ് കർണാടകത്തിലുള്ളത്. ഇതിൽ 20 ശതമാനമാണ് സർക്കാർ ക്വാട്ട. ബാക്കി മാനേജ്‌മെന്റ് ക്വാട്ടയിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്.
SUMMARY: No fee hike in nursing colleges this year