ന്യൂഡൽഹി: ട്രെയിന്‍ യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കി ഇന്ത്യന്‍ റെയില്‍വേ. ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ പണം നഷ്ടപ്പെടാതെ യാത്രാ തീയതിയില്‍ മാറ്റം വരുത്താന്‍ കഴിയുന്ന നടപടിയിലേക്ക് റെയില്‍വേ കടക്കുന്നു. ബുക്ക് ചെയ്ത് കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ പ്രത്യേക തുക നല്‍കാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ ഈ നയം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
നിലവിലെ രീതിയനുസരിച്ച് യാത്രാ തീയതി മാറിയാൽ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്യുകയേ മാര്‍ഗമുള്ളൂ. ടിക്കറ്റ് റദ്ദാക്കുന്നതിന്റെ കാലക്രമം അനുസരിച്ച് ക്യാന്‍സലേഷന്‍ ചാര്‍ജുകളും നഷ്ടമായിരുന്നു.
പുതിയ നയത്തില്‍ ടിക്കറ്റിന്റെ തീയതി മാറ്റാന്‍ സാധിക്കുമെങ്കിലും സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രമേ ഇതിന് സാധിക്കൂവെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. കൂടാതെ, പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കില്‍, യാത്രക്കാര്‍ ആ വ്യത്യാസം നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെയിൻ പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനം പിഴയാണ് ഉതുവരെ ഈടാക്കുന്നത്. 12 മുതൽ 4 മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് റെയിൽവേ ഇപ്പോൾ ഈടാക്കുന്ന പിഴ കൂടുതലാണ്. റിസർവേഷൻ ചാർട്ട് തയ്യാറായ ശേഷം റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് സാധാരണയായി റീഫണ്ട് ലഭിക്കാറില്ല.
SUMMARY: No need to cancel booked train tickets; travel date can be changed, no money lost, will be implemented from next January