ന്യൂഡൽഹി: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പങ്കെടുത്തേക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡൻ് ഡോണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ പിഴ തീരുവ ചുമത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
സെപ്തംബർ 23 മുതൽ 29വരെയാണ് യുഎൻ സമ്മേളനം. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത‌് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും ഇടംപിടിച്ചിരുന്നു. എന്നാൽ പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോർട്ട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ സമ്മർദ്ദം ഇന്ത്യ അവഗണിച്ചിരുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ്റെ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന-റഷ്യ ത്രികക്ഷി ബന്ധം ശക്തമാകുമെന്ന സൂചനയും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അമേരിക്കയിൽ നടക്കുന്ന യു എൻ വാർഷിക സമ്മേളനത്തിൽ മോദി പങ്കെടുക്കില്ലെന്ന സൂചനകൾ പുറത്ത് വരുന്നത്.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സെപ്റ്റംബർ 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുക.ര ണ്ടാം തവണ യുഎസ് പ്രസിഡൻ്റായശേഷം യുഎൻ സമ്മേളനത്തിൽ ട്രംപിൻ്റെ ആദ്യ പ്രസംഗമായിരിക്കുമിത്. ഇസ്രായേൽ, ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാർ സെപ്റ്റംബർ 26ന് യു എൻ പൊതുസഭയിലെ പൊതുചർച്ചയെ അഭിസംബോധന ചെയ്യും.
SUMMARY: PM Modi may not attend UN annual meeting














