തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ് 299, 353 1 സി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. തിരുവാഭരണ പാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കൂഴിക്കാല നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പാട്ടിന്റെ ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒന്നാം പ്രതി കുഞ്ഞുപിള്ള എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം ആണ് രണ്ടാംപ്രതി. സിഎംഎസ് മീഡിയയെയാണ് മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. സുബൈര്‍ പന്തല്ലൂര്‍ ആണ് നാലാം പ്രതി. പാരഡി പാട്ട് തയ്യാറാക്കിയ മുഴുവന്‍ ആളുകളെയും പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രസാദ് കുഴിക്കാല ഡിജിപിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറിയിരുന്നു. എഡിജിപിയാണ് കേസ് സൈബര്‍ പോലീസിന് കൈമാറിയത്. അവര്‍ പരിശോധിച്ച ശേഷമാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി സിറ്റി സൈബര്‍ പോലീസ് വിങ്ങിന് നല്‍കിയത്.
SUMMARY: Police register case over Ayyappa devotional song parody














