കണ്ണൂർ: ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെ, ശോച്യാവസ്ഥയിൽ പ്രവർത്തിച്ച അടച്ചുപൂട്ടി. കണ്ണൂർ സൗത്ത് ബസാറിലെ മെട്ടമ്മൽ റോഡിൽ പ്രവര്‍ത്തിച്ചിരുന്ന മൈത്രിസദനം എന്ന സ്വകാര്യ വൃദ്ധസദനമാണ് ജില്ലാ സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടിയത്.
സ്ഥാപനത്തിലുണ്ടായിരുന്ന ഒൻപത് അന്തേവാസികളെ അനുയോജ്യമായ മറ്റ് ക്ഷേമസ്ഥാപനങ്ങളിലേക്ക് മാറ്റി. നാല് പേരെ കണ്ണൂർ ഗവ. വൃദ്ധസദനത്തിലേക്കും മൂന്ന് പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും രണ്ട് പേരെ തോട്ടട അഭയനികേതനിലേക്കുമാണ് മാറ്റിയത്.
2017 വരെ മാത്രമാണ് സ്ഥാപനത്തിന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ഉണ്ടായിരുന്നത്. അതിന് ശേഷം അംഗീകാരം പുതുക്കാതെയാണ് വൃദ്ധസദനം പ്രവർത്തിച്ചുവന്നത്. ചോർന്നൊലിക്കുന്നതും കോൺക്രീറ്റ് അടർന്നുവീഴുന്നതുമായ അപകടാവസ്ഥയിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മാനദണ്ഡപ്രകാരമുള്ള ബിൽഡിംഗ് ഫിറ്റ്നസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ വർഷങ്ങളായി ലഭ്യമാക്കിയിട്ടില്ല.ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2024ൽ സ്ഥാപനം പൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് വക വെക്കാതെ തുടർന്നും പ്രവർത്തിച്ചുവരികയായിരുന്നു.
അന്തേവാസികളിൽ നിന്ന് തുക ഈടക്കുന്നുണ്ടെങ്കിലും നിലവാരമുള്ള സേവനങ്ങളൊന്നും നൽകിയിരുന്നില്ല. വൃത്തിഹീനമായ രീതിയിലാണ് പരിസരവും അടുക്കളയുമുള്ളത്. പാചക തൊഴിലാളിക്ക് മെഡിക്കൽ ഓഫീസർ പരിശോധിച്ചുനൽകിയ സാക്ഷ്യപത്രമില്ല. രോഗികളായ താമസക്കാർക്ക് ബന്ധുക്കൾ തന്നെ ശുശ്രൂഷ നൽകേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇത്തരത്തിൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിരവധി വീഴ്ചകൾ ഉള്ളതിനാലാണ് അടച്ചുപൂട്ടൽ നടപടിയിലേക്ക് വകുപ്പ് കടന്നത്.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെയോ അനധികൃതമായോ താമസക്കാരുടെ ക്ഷേമം നോക്കാതെ പ്രവർത്തിക്കുന്ന എല്ലാ ക്ഷേമസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സാമൂഹ്യനീതിവകുപ്പിൽനിന്ന് ലഭ്യമാകുന്ന നിർദേശങ്ങൾക്ക് വിധേയമായി അത്തരം സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.ബിജു അറിയിച്ചു.
SUMMARY: Private nursing home operating without authorization closed