ബെംഗളൂരു: കർണാടകയിലെ മലയാളി വിദ്യാർഥികളുടെ പ്രശ്നങ്ങൾ, നോർക്ക ഇൻഷുറൻസ് എന്നീ നിരവധി വിഷയങ്ങൾ ഉന്നയിച്ച് കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സ്വകാര്യ കോളേജുകളിലെ മലയാളി വിദ്യാർഥികളില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജന്റ് മാഫിയക്കും ലഹരി മാഫിയക്കും എതിരായ നടപടികൾ കൈക്കൊള്ളണമെന്നും കേളി അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ നോർക്ക വഴിയുള്ള രജിസ്ട്രേഷൻ സാധ്യതകളും, നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക തുക ഗഡുക്കളായി അടയ്ക്കുന്നതിന്റെ സൗകര്യവും ലഭ്യമാക്കുന്ന കാര്യങ്ങൾ പരിഗണിക്കണമെന്ന് കേളി ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
ബെംഗളൂരുവിലെ മലയാളി ചെറുകിട വ്യാപാരികളുടെയും ബസ് തൊഴിലാളികളുടെയും മറ്റും വിവിധ പ്രശ്നങ്ങളെക്കുറിച്ചും കേളി പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. കേളി സെക്രട്ടറി ജാഷിർ പൊന്ന്യം, പ്രസിഡണ്ട് ഷിബു, ട്രഷറർ നൂഹ, ജോ. സെക്രട്ടറി റഷീദ്, വൈസ് പ്രസിഡന്റ് റഹീസ് എന്നിവർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
SUMMARY: Problems of Malayalee students in Karnataka; Keli submitted a petition to the Chief Minister of Bengaluru