കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. രാത്രി ഏഴരയോടെ മജിസ്ട്രേറ്റ് മടങ്ങി. കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ രാഹുല്‍ ഇന്ന് കീഴടങ്ങാനുള്ള സാധ്യത ഇല്ലാതായി. രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി എന്ന വിവരവും വന്നിരുന്നു. എന്നാല്‍, രാഹുല്‍ കസ്റ്റഡിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ കീഴടങ്ങിയേക്കുമെന്നും കാസറഗോഡേയ്ക്ക് എത്തിയെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പോലീസിനെ വിന്യസിച്ചതോടെ അഭ്യൂഹം ശക്തിപ്പെടുകയായിരുന്നു. ഡിവൈഎസ്പി ഉൾപ്പടെയുള്ളവരും സ്ഥലത്ത് ക്യാമ്പു ചെയ്തു.
രാഹുല്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടകയോട് ഏറ്റവും സമീപത്തുള്ള ജില്ലയാണ് കാസറഗോഡ്. കാസറഗോഡിന്റെ മലയോരമേഖല കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥമനാണ്. കൂടാതെ രാഹുലിന്റെ സുഹൃത്തുക്കള്‍ പാണത്തൂര്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്. സുള്ള്യയില്‍നിന്ന് പാണത്തൂര്‍ വഴി രാഹുല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു.
പൊതുജനങ്ങള്‍ക്കൊപ്പം പൊതിച്ചോറുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോടതി പരിസരത്തെത്തിയിരുന്നു. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്നുമായിരുന്നു പരിഹാസം. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
SUMMARY: Rahul is still absconding; Judge returns from Hosdurg court, police reinforcements also return














