ബെംഗളൂരു: ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ എം.പി-എം.എല്‍.എ കോടതി വിധിച്ചു. പ്രജ്വലിനുള്ള ശിക്ഷാവിധി ശനിയാഴ്ച പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി. മുൻ എം.പിയുടെ പേരിലുള്ള നാല് ലൈംഗിക പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് ഇപ്പോള്‍ വിധി വന്നത്. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലില്‍ പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂവായിരത്തിലേറെ വീഡിയോകളാണ് ഇത്തരത്തില്‍ പുറത്തുവന്നിരുന്നത്. പോലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്ജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവില്‍ മേയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
SUMMARY: Rape case: Court finds former MP Prajwal Revanna guilty