കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷമുള്ള ജനുവരി ഏഴിലേക്ക് മാറ്റി. അതുവരെ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നീട്ടിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ രണ്ട് തവണ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചപ്പോഴും അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നല്‍കിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
അതിജീവിതയുടെ പരാതിയില്‍ തനിക്കെതിരെ ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ വാദം. പരാതിക്കാരി ആദ്യം പോലീസിനെ സമീപിക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ആരോപണങ്ങളില്‍ അന്വേഷണ സംഘത്തിന് കൃത്യമായ മറുപടി നല്‍കാൻ തയ്യാറാണെന്നും രാഹുല്‍ ഹർജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടാഴ്ചത്തോളം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുല്‍ വോട്ട് ചെയ്യാനായി പുറത്തെത്തിയിരുന്നു. നിലവില്‍ ലഭിച്ച കോടതി ഉത്തരവ് രാഹുലിന് വലിയ രാഷ്ട്രീയ-നിയമ ആശ്വാസമാണ് നല്‍കുന്നത്.
SUMMARY: Relief for Rahul Mangkootatil; High Court extends arrest ban till January 7














