തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.
SUMMMARY: Sabarimala gold theft: Former Devaswom Board president A. Padmakumar arrested














