തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല് ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി ഇരട്ടി തുക നല്കേണ്ടിവരും. തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി തേടും. നിലവില് അഞ്ച് രൂപയായ ബുക്കിങ് ഫീസ് 10 രൂപയായി ഉയർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നിരക്ക് വർധന സംബന്ധിച്ച് ബോർഡില് ധാരണയായതായാണ് വിവരം.
നിരക്ക് വർധന നിലവില് വരികയാണെങ്കില് ഭക്തർക്ക് പമ്പയില് പണം നല്കാതെ ശുചിമുറി ഉപയോഗിക്കാനാകും. എന്നാല് വെർച്വല് ക്യൂ ബുക്കിങ് ഫീസ് വർധിപ്പിക്കുന്നത് പരാതികള്ക്ക് ഇടയാക്കുമെന്ന് ഭരണസമിതിയില് അഭിപ്രായമുയർന്നിട്ടുണ്ട്. അതേസമയം, ഭക്തർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന മാറ്റമെന്ന നിലപാടാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്.
തിരക്കുള്ള തീർഥാടനകാലത്ത് ദർശനത്തിനായി എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയില് വെർച്വല് ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ഭക്തർക്ക് ഓണ്ലൈനായി മുൻകൂട്ടി ദർശനം ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. നിലവില് ഇതിനായി അഞ്ച് രൂപയാണ് ഈടാക്കുന്നത്. ഈ തുക ഇരട്ടിയാക്കാനുള്ള നീക്കമാണ് ഇപ്പോള് പരിഗണനയിലുള്ളത്.
SUMMARY: Sabarimala virtual queue booking fee may double
















