ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
അഖില ഭാരത വീരശൈവ-ലിംഗായത്ത് മഹാസഭയുടെ ദേശീയ പ്രസിഡണ്ടായ ഷാമനൂർ ശിവശങ്കരപ്പ ആറു തവണ ദാവണഗെരെ സൗത്ത് മണ്ഡലത്തില്‍ നിന്നും എംഎൽഎ ആയിട്ടുണ്ട്. 1969-ൽ മുനിസിപ്പൽ കൗൺസിലറായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം.1994-ൽ അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് 63 വയസ്സായിരുന്നു. എംഎൽഎയായും എംപിയായും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രായമാകുന്തോറും രാഷ്ട്രീയത്തിൽ ഉയർന്നുവന്നു. ലോക്‌സഭാംഗമായും കർണാടക കൃഷിമന്ത്രിയായും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറര്‍ ആയും പ്രവർത്തിച്ചിട്ടുണ്ട്. ബാപ്പുജി വിദ്യാഭ്യാസ ഗ്രൂപ്പിന്റെയും ഡിസ്റ്റിലറീസ്, പഞ്ചസാര വ്യവസായരംഗത്ത് പ്രവർത്തിക്കുന്ന ഷാമനൂർ ഗ്രൂപ്പിന്റെയും ചെയർമാനാണ്. കർണാടക പ്രീമിയം ലീഗിലെ ഷാമനൂർ ദാവണഗരെ ഡയമണ്ട്‌സ് ടീമിന്റെ ഉടമയുമായിരുന്നു.
പരേതയായ പാർവതാമ്മയാണ് ഭാര്യ. കർണാടക ഖനി-ഹോർട്ടികൾച്ചറൽ മന്ത്രി എസ്.എസ്. മല്ലികാർജുൻ ഉൾപ്പെടെ മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്.
SUMMARY: Senior Congress leader Shamanur Sivashankarappa passes away














