കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. ആശുപത്രിയിൽ നിന്നും ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തി. നടൻ മമ്മൂട്ടി, ഭാര്യ സുൽഫത്തിനൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി അന്ത്യോപചാരം നല്‍കി.
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രിൽ ആറിനായിരുന്നു ജനനം. കതിരൂർ ഗവ. ഹൈസ്കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടകത്തിൽ സജീവമായി. ജ്യേഷ്ഠൻ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമർശിച്ച് ‘ഘരീബി ഖഠാവോ’ നാടകം എഴുതി പാട്യം ഗോപാലന്റെ നിർദേശത്താൽ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്സിന്റെ നാടക പ്രവർത്തനങ്ങളിലും ശ്രീനിവാസൻ സജീവമായിരുന്നു. ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1977ൽ ഡിപ്ലോമയെടുത്തു. പ്രശസ്ത നടൻ രജനികാന്ത് സീനിയറായിരുന്നു.














