ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി സഹഗായകൻ ശേഖർ ജ്യോതി ഗോസ്വാമി രംഗത്ത്. സുബീനെ കൊലപ്പെടുത്തിയത് സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും ചേർന്ന് വിഷം നൽകിയാണെന്നാണ് ആരോപണം.
സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നാലു പേരില്‍ ഒരാളാണ് ജ്യോതി ഗോസ്വാമി. കുറ്റം മറച്ചുവെക്കാനാണ് പ്രതികള്‍ മനപ്പൂര്‍വം വിദേശ സ്ഥലം തിരഞ്ഞെടുത്തതെന്നും ജ്യോതി ഗോസ്വാമി പറഞ്ഞു. സിംഗപ്പൂരിലെ ഹോട്ടലില്‍വച്ച് സിദ്ധാര്‍ത്ഥ ശര്‍മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയം തോന്നിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ആഘോഷം സംഘടിപ്പിച്ച നൗകയുടെ നിയന്ത്രണം പ്രതികള്‍ ബലമായി പിടിച്ചെടുത്തിരുന്നു.
നൗകയില്‍ മദ്യം താന്‍ വിളമ്പിക്കൊള്ളാമെന്ന് സിദ്ധാര്‍ത്ഥ ശര്‍മ ശാഠ്യം പിടിച്ചിരുന്നു. സുബിന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഘട്ടത്തില്‍ ഗായകന് നീന്തല്‍ അറിയാമെന്ന് പറഞ്ഞ് ഇരുവരും സഹായം നല്‍കിയില്ല എന്നുമാണ് സഹ ഗായകന്റെ മൊഴി. അതേസമയം ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ മൊഴി ചോദ്യം ചെയ്യലില്‍ സിദ്ധാര്‍ത്ഥ് ശര്‍മയും സംഘാടകന്‍ ശ്യാംകനു മഹന്തയും തള്ളി.
അന്വേഷണ ഏജന്‍സികള്‍ പരിപാടിയുടെ സംഘാടകന്‍ ശ്യാംകനു മഹന്തയുടെ പണമിടപാടുകളെ പറ്റി അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യാ അലി എന്ന ഹിറ്റ് ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രശ്സതനായ അസമീസ് ഗായകനായ സുബീൻ തന്റെ 52-ാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്.നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം.
SUMMARY: ‘Subeen Garg was poisoned to death’: Singer Shekhar Jyoti Goswami makes serious allegations against band manager