ബെംഗളൂരു: മൈസൂരു മൃഗശാലയില്‍ ഇനി കാഴ്ച്ചകളേറും… മൃഗശാലയില്‍ മൃഗങ്ങളുടെ എണ്ണം കൂട്ടാന്‍ നീക്കം. കൂടുതല്‍ വന്യ മൃഗങ്ങളെ വിദേശത്തുനിന്നടക്കം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് മൈസൂരു സൂ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. അനുഷ പറഞ്ഞു.
അടുത്തിടെ ചില മൃഗങ്ങള്‍ മൃഗശാലയില്‍ ചത്തിരുന്നു. പദ്മാവതി എന്ന ആന, ഒരു സിംഹവാലന്‍ കുരങ്ങ്, പതിറ്റാണ്ടിലേറെ ഇവിടെയുണ്ടായിരുന്ന ഒരു ജാഗ്വാര്‍ എന്നിവയാണ് ചത്തത്. അതിനാലാണ് കൂടുതല്‍ മൃഗങ്ങളെ എത്തിച്ച് എണ്ണം കൂട്ടാനുള്ള നീക്കം ആരംഭിച്ചത്.
ജാഗ്വാര്‍ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും മെക്സിക്കൊ, പരാഗ്വെ, വടക്കന്‍ അര്‍ജന്റീന എന്നിവിടങ്ങളിലുമാണ് കാണപ്പെടുന്നത്. ഇവയെ അടക്കം കൂടതല്‍ ഇനങ്ങളെ എത്തിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി തേടിയത്. നിലവില്‍ ഒരു ജാഗ്വാര്‍ മാത്രമേ മൈസൂരു മൃഗശാലയിലുള്ളു.
25-ലധികം രാജ്യങ്ങളില്‍ നിന്നടക്കം 150-ലധികം ഇനങ്ങളിലായി 1450-തിലധികം മൃഗങ്ങള്‍ നിലവില്‍ ഇവിടെയുണ്ട്. 157.02 എക്കര്‍ വിസ്തൃതിയിലുള്ള മൃഗശാലയില്‍ നിലവില്‍ കൂടുതല്‍ മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. ഇക്കാര്യവും കേന്ദ്രത്തിന് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
SUMMARY: Mysore Zoo to see more animals… Increasing the number of animals