ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്‌തോഗി അദ്ധ്യക്ഷനായ സമിതിയെയാണ് മേല്‍നോട്ടത്തിനായി നിർദ്ദേശിച്ചിരിക്കുന്നത്. രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും സമിതിയിലുണ്ട്. സിബിഐ എല്ലാ മാസവും അന്വേഷണ വിവരങ്ങള്‍ സുപ്രീം കോടതിയില്‍ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ടിവികെയുടെ ഹർജിയിലാണ് ഉത്തരവ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ടിവികെ ഹർജിയില്‍ ആവശ്യപ്പെട്ടത്.
പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പല്‍ ബെഞ്ചിന്റെ നടപടിയെ നടൻ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ ചോദ്യംചെയ്‌തിരുന്നു. ഇക്കഴിഞ്ഞ സെപ്‌തംബർ 27നാണ് കരൂരിലെ ടിവികെ റാലിയില്‍ ദുരന്തമുണ്ടായത്. ഒക്ടോബർ 17 ന് ദുരന്തബാധിതരായ കുടുംബങ്ങളെ വിജയ് കാണുമെന്ന വിവരമുണ്ട്.
SUMMARY: Supreme Court orders CBI probe into Karur tragedy