ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് സ്ഥീരീകരണം.
ഇയാളും മകനും നടത്തിയ വെടിവെപ്പില്‍ 15 ഓളം പേരാണ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. സാജിദ് ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിച്ചു. 27 വര്‍ഷം മുമ്പാണ് സാജിദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്നും ഹൈദരാബാദിലെ കുടുംബവുമായി ഇയാള്‍ക്ക് പരിമിതമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സാജിദിന്റെ മകന്‍ നവീദ് (24) ആശുപത്രിയില്‍ ചികിത്സയിലാണ്. 2022-ലാണ് അക്രം അവസാനമായി ഹൈദരാബാദ് സന്ദർശിച്ചത്. ഇയാൾ ഇന്ത്യൻ പാസ്‌പോർട്ട് നിലനിർത്തിയിരുന്നു. എന്നാൽ, മകൻ നവീദും മകളും ഓസ്‌ട്രേലിയയിൽ ജനിച്ചവരും ഓസ്‌ട്രേലിയൻ പൗരന്മാരുമാണ്.
30 വര്‍ഷത്തിനിടെ ഓസ്ട്രേലിയന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ബോണ്ടി ബീച്ചില്‍ നടന്നത്. ഐ എസ് ഭീകരരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഭീകരപ്രവർത്തനമായാണ് ഈ ആക്രമണത്തെ ഓസ്‌ട്രേലിയൻ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. ആക്രമണത്തിന് ഒരു മാസം മുമ്പ് പ്രതികൾ ഫിലിപ്പൈൻസിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും ഓസ്‌ട്രേലിയൻ പോലീസ് അന്വേഷിക്കുന്നുണ്ട്. ഫിലിപ്പൈൻസ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സ്ഥിരീകരിച്ചതനുസരിച്ച് സജിദ് അക്രവും മകനും നവംബർ 1-ന് രാജ്യത്ത് പ്രവേശിക്കുകയും നവംബർ 28-ന് തിരിച്ചുപോവുകയും ചെയ്തു. സജിദ് ഇന്ത്യൻ പാസ്‌പോർട്ടും നവീദ് ഓസ്‌ട്രേലിയൻ പാസ്‌പോർട്ടുമാണ് ഇതിനായി ഉപയോഗിച്ചത്. മിലിറ്റന്റ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന മിൻഡാനാവോ ദ്വീപിലെ ദാവോ നഗരമാണ് ഇരുവരും ലക്ഷ്യസ്ഥാനമായി പ്രഖ്യാപിച്ചത്. ഈ യാത്രയുടെ ഉദ്ദേശ്യവും സന്ദർശിച്ച സ്ഥലങ്ങളും ഇപ്പോഴും അന്വേഷണത്തിലാണ്.
SUMMARY: Sydney Bondi Beach shooting that shocked the world: One of the attackers was a Hyderabadi














