ടെക്സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിലെ മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
മിന്നൽപ്രളയം തകർത്ത കെർ കൌണ്ടിയിൽ മാത്രം 68പേർക്ക്ജീവൻ നഷ്ടമായി. ഇതിൽ 28കുട്ടികളുമുണ്ട്. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ എണ്ണൂറ്റി അൻപതിലേറെപ്പേരെ ഇതിനോടകം രക്ഷപെടുത്തി. അവസാനത്തെയാളെയും കണ്ടെത്തുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ടെക്സസ് എമർജൻസി മാനേജ്‍മെൻറ് ഡിവിഷൻ അറിയിച്ചു. കനത്ത മഴയും നദികൾ കരകവിഞ്ഞൊഴുകുന്നതും അടിഞ്ഞുകൂടിയ മാലിന്യങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് ടെക്‌സസിലെ കെർ കൗണ്ടിയിലെ ഗ്വാഡുലുപ് നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നതാണ് മിന്നൽ പ്രളയത്തിന് കാരണം. മേഖലയിൽ വീണ്ടും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രളയബാധിതപ്രദേശം സന്ദർശിക്കും. ടെക്‌സസിലെ വെള്ളപ്പൊക്കത്തെയും അതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളെയും ട്രംപ് ‘ഭയാനകം’ എന്നും ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് വിശേഷിപ്പിച്ചത്. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പറഞ്ഞ ട്രംപ് നാശനഷ്ടം കുറയ്ക്കാന്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
SUMMARY: Texas flash floods: Death toll passes 100, 11 missing