തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. 2022 മാർച്ച് അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
വീരണകാവ് ചാനല്‍കര മുരുക്കറ വീട്ടില്‍ സുജാതയുടെയും പരേതനായ മാരിയപ്പന്റെയും മകളാണ് ഗായത്രി. തലസ്ഥാനത്തെ പ്രമുഖ ജുവലറിയില്‍ ജീവനക്കാരായിരുന്ന ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്.
എന്നാല്‍ ഇക്കാര്യം പിന്നീട് ഗായത്രി അറിഞ്ഞുവെങ്കിലും മുൻ വിവാഹബന്ധം വേർപെടുത്താമെന്ന് പ്രവീണ്‍ വാക്ക് നല്‍കിയിരുന്നു. തുടർന്ന് തലസ്ഥാനത്തെ ഒരു പള്ളിയില്‍ വച്ച് വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പ്രവീണിന്റെ ഭാര്യ ജുവലറിയിലെത്തി ബഹളം വച്ചിരുന്നു. തുടർന്ന് ഗായത്രിക്ക് ജോലി രാജിവയ്‌ക്കേണ്ടി വന്നു.
എന്നാലും പ്രവീണുമായുള്ള ബന്ധം തുടർന്നിരുന്നു. ജുവലറിയിലെ ജോലി രാജിവച്ച ശേഷം വീരണകാവ് അരുവികുഴിയിലെ ജിമ്മില്‍ ട്രെയിനറായിരുന്നു ഗായത്രി. സംഭവദിവസം തമ്പാനൂരിലെ ഹോട്ടലിലേയ്ക്ക് ഗായത്രിയെ വിളിച്ചുവരുത്തിയതിനുശേഷം ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളും പ്രതി നടത്തി.
യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ പ്രവീണ്‍ രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വാട്സാപ്പില്‍ സ്റ്റാറ്റസാക്കി ഇട്ടു. പോലീസിനെ വഴിതെറ്റിക്കാൻ വേണ്ടിയായിരുന്നു ഇത്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ട് വഴക്കുണ്ടായെന്നും തുടർന്ന് ഗായത്രി ആത്മഹത്യ ചെയ്തുവെന്ന് വരുത്താനുമായിരുന്നു ശ്രമം. എന്നാല്‍ ഇത് പൊളിഞ്ഞതോടെ ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.
SUMMARY: Thampanoor Gayathri murder case; Accused gets life imprisonment