തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്നറിയാം അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് നടക്കും.
ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റിവച്ചിരുന്നു. 500 രൂപയുടെ 75 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്‌ക്കെത്തിച്ചിരുന്നത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
ഇത്തവണ റെക്കോർഡ് വിൽപ്പനയായിരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം 75 ലക്ഷത്തിലേറെ ഓണം ബമ്പർ ലോട്ടറികളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയിൽ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു. ഇന്നലെ ഉച്ചയോടെ തന്നെ പ്രധാനപ്പെട്ട വില്പന കേന്ദ്രങ്ങളിൽ ടിക്കറ്റ് കാലിയായിരുന്നു.
SUMMARY: Thiruvonam bumper draw today