ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ് നായക് (38), മക്കളായ നാഗമ്മ(8), ദീപ(6) എന്നിവരാണ് മരിച്ചത്. രമേശിന്റെ ഭാര്യ പത്മ(35), മകൻ കൃഷ്ണ(12), മകൾ ചൈത്ര (10) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇവർ കഴിച്ച പച്ചക്കറിയിലെ കീടനാശിനിയാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്നാണ് വിവരം. പരുത്തി കർഷകനായ രമേശ് 2 ഏക്കർ കൃഷിഭൂമിയിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും വളർത്തിയിരുന്നു. ശനിയാഴ്ച പച്ചക്കറികൾക്കു കീടനാശിനി പ്രയോഗിച്ചു. തിങ്കളാഴ്ച കുടുംബാംഗങ്ങൾ ഇവ കഴിച്ചു. പിന്നാലെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയായിരുന്നു.
SUMMARY: Three of family die, two hospitalised after suspected food poisoning in Karnataka’s Raichur.