മലപ്പുറം: കാളികാവില്‍ വീണ്ടും കടുവ. പുല്ലങ്കോട് എസ്റ്റേറ്റില്‍ വെച്ച് കടുവ പശുവിനെ ആക്രമിച്ചു. കഴിഞ്ഞ ഒരുവർഷത്തിനിടെ പലതവണ കാളികാവ് മേഖലയില്‍ കടുവയെ നാട്ടുകാർ കണ്ടിട്ടുണ്ട്. പുല്ലങ്കോട് സ്വദേശി നാസർ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെയാണ് പശുവിനെ കടുവ പിടികൂടിയത്. കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിക്കാന്‍ അനുമതി തേടി നാട്ടുകാർ രണ്ട് തവണ കത്തും അയച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊല്ലപ്പെടുത്തിയ കടുവയെ പിടികൂടിയത്. കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്.
കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
SUMMARY: Tiger attacks again in Kalikavu