കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോള്‍ പിരിവിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷന്‍ ബെഞ്ച് ടോള്‍ പിരിവിന് അനുമതി നല്‍കി. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ്. തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനു ശേഷം പുതുക്കിയ നിരക്കിന്റെ അടിസ്ഥാനത്തിലാകും ടോള്‍ പിരിക്കുക. ഈ വിവരങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
SUMMARY: Toll collection in Paliyekkara from Monday; High Court gives permission