ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 215 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളില്‍ ഒരു പൈസയും മെയില്‍/എക്‌സ്പ്രസ് നോണ്‍ എസി, എസി കോച്ചുകളിലെ യാത്രകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയുമാണ് വർധന.
നോണ്‍ എസി കോച്ചില്‍ 500 കിലോമീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നല്‍കണം. സബർബൻ, സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ വർധിപ്പിച്ചിട്ടില്ല. 2018ന് ശേഷം ഇന്ത്യയില്‍ റെയില്‍വേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോള്‍ ചാർജ് കൂട്ടുന്നതെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ക്രിസ്മസ്, പുതുവത്സര സീസണ്‍ ലക്ഷ്യമിട്ട് എട്ട് സോണുകളിലായി 244 പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള കൂടുതല്‍ സർവീസുകളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ നിർമാണ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അതിനായുള്ള ഭൂമിയേറ്റെടുക്കല്‍ പൂർത്തിയായെന്നും റെയില്‍വേ അറിയിച്ചു.
SUMMARY: Train ticket prices increased; effective from Friday














