വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
രണ്ട് നാഷണൽ ഗാർഡുകൾ വെടിയേറ്റുമരിച്ച സംഭവത്തിൽ അഫ്ഗാൻ പൗരൻ പ്രതിയാണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നീട്ടിയത്.
ജൂണിൽ ട്രംപ് 12 രാജ്യങ്ങളിലെ പൗരന്മാർ അമേരിക്ക സന്ദർശിക്കുന്നത് വിലക്കുമെന്നും മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ എന്നിങ്ങനെ 15 രാജ്യങ്ങൾക്ക് കൂടി പിന്നീട് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
SUMMARY: Trump extends travel ban to more countries














