കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആദിച്ച നല്ലൂർ സ്വദേശി ഷെഫീഖ്, തൃക്കോവില്‍വട്ടം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.
ആംബുലൻസ് ഡ്രൈവറെ ആക്രമിച്ചത് കൂടാതെ, കവർച്ച തുടങ്ങിയ വകുപ്പുകളും ചേർത്തിട്ടുണ്ട്. കേസില്‍ ഒന്നാംപ്രതി അൻവർ ഒളിവിലാണ്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം മർദിച്ചതെന്നാണ് പരാതി. ബൈക്കില്‍ പോയവർ ആംബുലൻസിന് സൈഡ് നല്‍കാത്തതാണ് തർക്കത്തിന് കാരണം.
സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹോണ്‍ അടിച്ചതും പ്രകോപനമായി. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ആംബുലൻസിന്റ മിററും യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തനാപുരം സ്വദേശി ബിവിൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
SUMMARY: Two accused arrested in Kollam for allegedly stopping an ambulance and beating its driver













