തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി. സുപ്രീം കോടതി നിർദേശ പ്രകാരമാണ് സർക്കാർ ഗവർണറുമായി അനുനയ ചർച്ച നടത്തിയത്. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് ചർച്ചക്കായി ലോക്ഭവനിലെത്തിയത്.
എന്നാല്‍ താൻ നിശ്ചയിച്ചവർ യോഗ്യരെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവർണർ. ചർച്ചയ്‌ക്ക് മുഖ്യമന്ത്രി എത്താത്തത് എന്തുകൊണ്ടാണെന്നും ഗവർണർ മന്ത്രിമാരോട് ചോദിച്ചു. സംസ്ഥാനവും ഗവർണറും തമ്മില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ സുപ്രീം കോടതി തന്നെ വി സിമാരെ നേരിട്ട് നിർദേശിക്കുമെന്ന കർശന താക്കീത് നല്‍കിയിരുന്നു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റല്‍ – സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനത്തിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെർച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അവർ നല്‍കിയ പട്ടികയില്‍ നിന്നുള്ള പേരുകളിലാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്. ഡിജിറ്റല്‍ സർവകലാശാല വിസി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. ജിൻ ജോസ്, ഡോ. പ്രിയ ചന്ദ്രൻ എന്നിവർക്ക് മൂന്നും നാലും സ്ഥാനമാണ്.
സാങ്കേതിക സർവകലാശാല വി.സിയായി ഡോ. ജി ആർ ബിന്ദു, ഡോ. പ്രിയ ചന്ദ്രൻ എന്നിവരുടെ പേരുകള്‍ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടുത്തി. എന്നാല്‍, ഗവർണർ ചൂണ്ടിക്കാട്ടിയത് ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു. ഇതാണ് തർക്കത്തിന് കാരണമായത്.
SUMMARY: VC appointment; Governor and government say they will not compromise














