കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷല്‍ വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി അവിടെ ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. അഭിഭാഷകനായ നെയ്യാറ്റിന്‍കര സ്വദേശി നാഗരാജാണ് എഡിജിപി യ്‌ക്കെതിരെ ഹർജി നല്‍കിയത്.
ആഗസ്ത് 30 ന് നാഗരാജിനെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കും. അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
SUMMARY: Vigilance’s clean chit report for ADGP Ajith Kumar rejected