ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി കൂട്ടിൽ പൂട്ടിയിട്ടു. കൂട്ടിലായ വനം ജീവനക്കാർ വിട്ടയയ്ക്കാൻ ഗ്രാമീണരോട് അപേക്ഷിച്ചെങ്കിലും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗ്രാമവാസികളുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് വിട്ടയച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ദിപ്പൂർ ടൈഗർ റിസർവിന്റെ (ബിടിആർ) അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങൾ കന്നുകാലികളെ കൊല്ലുന്ന സംഭവങ്ങൾ വര്‍ധിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. അവയെ പിടികൂടാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് അത് ഗൗരവമായി എടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഒരു കൂട് സ്ഥാപിച്ചിരുന്നു, പക്ഷേ പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. മൂന്ന് ദിവസം മുമ്പ് കടുവയുടെ ആക്രമണത്തിൽ ഒരു പശുക്കുട്ടി കൊല്ലപ്പെട്ടതായും അവർ പരാതിപ്പെട്ടു. ചൊവ്വാഴ്ച വനംവകുപ്പ് ജീവനക്കാർ ബൊമ്മലാപുര സന്ദർശിച്ചപ്പോഴാണ് നാടുകാര്‍ അവരെ കൂടിനകത്ത് പൂട്ടിയിട്ടത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഗുണ്ടൽപേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂർ എസിഎഫ് നവീൻ കുമാറും സ്ഥലത്തെത്തി കർഷകരുമായി സംസാരിച്ചു . വന്യമൃഗങ്ങളെ പിടികൂടാൻ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ കർഷകർക്ക് ഉറപ്പ് നൽകിയതിനു ശേഷമാണ് ജീവനക്കാരെ വിട്ടയച്ചത്.
SUMMARY: Villagers lock forest department employees in tiger trap in Chamarajanagar