തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. അതിനു വേണ്ട എല്ലാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ഇതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് മന്ത്രിയുടെ പ്രതികരണം. കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തില്‍ തിരിച്ചയക്കും. കേസിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രതികള്‍ക്കെതിരെ എസ് സി, എസ് ടി വകുപ്പുകള്‍ ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം കൈമാറും. പണം കുടുംബത്തിന് തന്നെ എത്തുമെന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. ക്യാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പണം കൈമാറുകയെന്നും മന്ത്രി കെ രാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
SUMMARY: Walayar mob lynching; Rs 10 lakh to be given to Ram Narayan’s family














