ബെംഗളൂരു: രാത്രി മാതാപിതാക്കളുടെ വീട്ടിലേക്ക് വന്ന യുവതിയെ റോഡുവക്കില്‍വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ് (38 വയസ്) നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
പാഞ്ഞടുത്ത നായ്ക്കൾ അനിതയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റു. ശരീരത്തില്‍ അമ്പതിലേറെ ഭാഗത്ത് മാരകമായി മുറിവേൽക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നായ്ക്കളെ തുരത്തി. അനിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏറ്റവും അപകടകാരികളായ നായകളാണ് റോട്ട്‌വീലർ ഇനം. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇവ വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ വന്ന രണ്ടു പേര്‍ നായ്ക്കളെ റോഡരികിൽ ഇറക്കിവിടുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി മരിച്ചതോടെ, നാട്ടുകാരിൽ ചിലർ നായ്ക്കളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. റോഡിലേക്ക് റോട്ട്‌വീലർ നായ്ക്കളെ ഇറക്കിവിട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായ്ക്കളെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അനിതയുടെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: Woman dies tragically in Rottweiler attack in Davanagere














