ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമരയ്ക്ക് ബിജെപി ശ്രമിക്കുന്നതിനായി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓപ്പറേഷൻ താമരയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും സിദ്ധരാമയ്യ ആരോപിച്ചു. പണംകൊണ്ട് കോൺഗ്രസ് എംഎൽഎമാരെ വശീകരിക്കാൻ കഴിയില്ല. സർക്കാരിനെ അട്ടിമറിക്കുന്നത് എളുപ്പമുള്ള കാര്യമാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതൊന്നും ജനവിധി നേടിയായിരുന്നില്ല. 2008-ലും 2019-ലും ഓപ്പറേഷൻ താമര ഉപയോഗിച്ചാണ് പാർട്ടി അധികാരം നേടിയത്. എന്നാൽ, കോൺഗ്രസിന് 136 എംഎൽഎമാരുള്ള ഇത്തവണ അവരുടെ ശ്രമം പാഴാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയുടേയും ജെഡിഎസിന്റേയും ഉന്നതർ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഒന്നിച്ച് ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അവർ തന്നെ പ്രത്യേകമായി ലക്ഷ്യംവെക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബിജെപിയിൽ ചേരാൻ തനിക്ക് 100 കോടി രൂപ വാഗ്ദാനംചെയ്തതായി കഴിഞ്ഞദിവസം മാണ്ഡ്യയിലെ കോൺഗ്രസ് എം.എൽ.എ രവികുമാർ ഗൗഡ (രവി ഗണിഗ) ആരോപിച്ചിരുന്നു. രണ്ടുദിവസംമുമ്പ് ഒരാൾ വിളിച്ച് പണം തയ്യാറാണെന്നും 50 എം.എൽ.എമാരെ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എന്നാൽ, 100 കോടി കൈയ്യിൽ തന്നെ വെച്ചോയെന്ന് മറുപടി നൽകിയെന്നും അദ്ദേഹം അറിയിച്ചിരുന്നു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka cm siddaramiah warns bjp of operation kamala