ബെംഗളൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കെ എം ചെറിയാൻ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അദ്ധ്യാപകനായാണ് ചെറിയാൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1975ല്‍ അദ്ദേഹം ഇന്ത്യയില്‍ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തി. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കല്‍, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ലേസർ ഹൃദയ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹമാണ്. ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഡോ. എംജിആർ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്ന് ഓണററി ഡോക്ടർ ഒഫ് സയൻസ് പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1991ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. വേള്‍ഡ് കോണ്‍ഗ്രസ് ഒഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും, ഇന്ത്യയില്‍ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഒഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ് ചെറിയാൻ.
ഇന്ത്യൻ അസോസിയേഷൻ ഒഫ് കാർഡിയാക് തൊറാസിക് സർജന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്നു. മദ്രാസ് മെഡിക്കല്‍ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറും പിഐഎംഎസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയർമാനുമാണ്.
TAGS : LATEST NEWS
SUMMARY : Heart surgeon Dr. KM Cherian passed away