Saturday, August 9, 2025
21.7 C
Bengaluru

വിഷുച്ചിന്തകൾ

ഏതാഘോഷങ്ങളും നന്മയിലേക്കുള്ള കാൽവെപ്പുകളാണ്‌. ദേശോൽസവങ്ങൾ പരിശോധിച്ചാലും ജാതിമതഭേദമെന്യേ ഓരോ പുണ്യദിനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് കാണാം. ഉൽസവങ്ങളും അനുഷ്ഠാനങ്ങളും, ആചാരങ്ങളും അതാതു കാലത്തിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. കാലത്തിന്നനുസരിച്ച് അതടയാളപ്പെടുത്തുമ്പോൾ നാൾവഴികളിലേക്ക് ഒരു തിരിച്ചുപോക്കും പുതിയ തലമുറയ്ക്കത് പരിചയപ്പെടുത്തലുമാകുന്നു. ഒപ്പം തന്നെ ആ കാലത്തെ ചിട്ടകളും, ഭൂമിശാസ്ത്രവും ,സംസ്ക്കാരവും മിഴിതുറക്കുന്നു. കാലത്തിന്റെ പകർച്ചയിൽ ജീവിതമാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലതൊക്കെ പാടങ്ങളെ തലോടിനില്ക്കുന്ന ഇളം ഞാറുകൾ പോലെ മനസ്സിലും ഇളംകാറ്റു വീശുന്നു. ഓണവും, വിഷുവും, തിരുവാതിരയും, പെരുന്നാളും ക്രിസ്തുമസ്സും എല്ലാം ഏകതത്വത്തിലധിഷ്ഠിതം. മനസ്സിലെ നന്മ വറ്റാതിരിക്കാൻ നാം സൂക്ഷിക്കുന്ന കാലസങ്കൽപ്പങ്ങൾ മുറ്റത്തെ തുമ്പയായും ,തുളസിയായും, കൊന്നപ്പൂവായും , ഓണപ്പൂക്കളായുമൊക്കെ മനസ്സിൽ പൂത്തുവിടരുമ്പോൾ സംസ്ക്കരങ്ങളുടെ കൊടി കയറുന്നു.

ഗ്രാമവിശുദ്ധിയിലലിഞ്ഞുകിടക്കുന്ന ഊടുവഴിയിലെ മഷിത്തണ്ടുകൾ, വേലിപ്പടർപ്പിലെ ശംഖുപുഷ്പങ്ങൾ, ഒടുച്ചുറ്റിപ്പൂക്കൾ, ജീവനസംഗീതമായൊഴുകുന്ന നന്തുണിപ്പാട്ടുകൾ എല്ലാം ഓമനിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്തിന്നപ്പുറത്തെ സംസ്ക്കാരത്തിന്റെ വൈവിധ്യങ്ങളാണെന്ന് ഈ മറുനാട്ടിലിരിക്കുമ്പോഴും തൊട്ടുണർത്താറുണ്ട്. കർണ്ണാടകയിലെ പുതുവർഷമായി ഉഗാദി ആഘോഷിക്കുന്നതിനോടൊപ്പം മലയാളിയുടെ വിഷുവും പടികയറിവരുന്നു. തമിഴിന്റെ പൊങ്കലും കഴിഞ്ഞിട്ട് അധികനാളായില്ല. ബംഗാളിയുടെ ബിഹുവും ഒപ്പമെത്തുന്നു. വൈവിധ്യങ്ങളുണ്ടെന്ന് പറയുമ്പോഴും ചിലതെല്ലാം സമാന്തരമായി ഒഴുകുന്നു. വർത്തമാനകാലത്തെപ്പോലെ സ്വന്തം ഊറ്റങ്ങൾ പ്രഖ്യാപിക്കുകയല്ല പണ്ട് ഈ ആഘോഷങ്ങളുടെ ലക്ഷ്യം. അത് ലോകനന്മക്കുവേണ്ടിയായിരുന്നു.

വിഷു ആഘോഷത്തിൻ്റെ ഹരിത സ്മരണകൾക്ക് തിളക്കം കൂടുന്നത് കാലത്തിൻ്റെ പുഴയിലൊഴുകിപ്പോയ നീല നീരദതാരുകൾ നിറഞ്ഞ നാടിൻ്റെ ഓർമ്മ ചിന്തുകൾക്ക് തന്നെയാണ്. മീനമാസത്തിൻ്റെ യാഗഭൂവിൽ നിന്നും ഗ്രീഷ്മ താപങ്ങളകന്ന് ചാരിയ ജാലകം മെല്ലെ തുറന്നെത്തുന്ന മേടപ്പെൺകൊടി ഒരുക്കി വെക്കുന്ന എൻ്റെ വിഷുക്കണികൾക്ക് അമ്മയുടെ വാത്സല്യം ചാലിച്ചെടുത്തതിൻ്റെ സുഗന്ധവും സൗന്ദര്യവുമാണ്. ഏതാ ഘോഷങ്ങളും ഈ കന്നഡ മണ്ണിൽ കൊണ്ടാടുമ്പോൾ ഒരറിയാവിഷാദം വന്ന് മൂടാറുണ്ട്. അമ്മയുടെ കണിയോർക്കുമ്പോൾ കാഴ്ചകൾ ജലാവർത്തങ്ങളാകുന്നു. അന്നൊക്കെ കണിക്കുള്ള വിഭവങ്ങൾ വീട്ടിൽ നിന്നു തന്നെയെടുക്കും. ഇടതൂർന്നു നിൽക്കുന്ന പ്ലാവും, മാവും കവുങ്ങുമെല്ലാം തലയാട്ടി ചിരിച്ചു നിൽക്കും. മാർച്ച്, ഏപ്രിൽകാലത്ത് പൂത്തു നിൽക്കുന്ന മാവുകൾ. കണ്ണു മിഴിയ്ക്കുന്ന ഉണ്ണിമാങ്ങകൾ. പൂങ്കുലയോട് കൂടി എറിഞ്ഞു താഴേക്ക് വീഴ്ത്തി ചുണ മാറാത്ത ഉണ്ണിമാങ്ങകൾ കടിച്ചു തിന്നുമ്പോൾ ചുണ്ട് മുഴുവൻ ചുണ കൊണ്ടു പൊള്ളിപ്പോവും .അതൊക്കെ വെച്ച് അമ്മയ്ക്കൊപ്പം നടക്കും കണിയൊരുക്കാൻ ഒരമ്മത്തം നടിച്ച്, ഒരായിരം ചോദ്യങ്ങളും, സംശയങ്ങളുമായി. പ്ളാവിലെ ചക്കയ്ക്കന്ന് (വിഷു നാളിൽ) “പനസം” എന്നേ പറയാവു എന്നമ്മ പറയും.പിന്നെ അതിൻ്റെ കാരണമറിയാൻ അമ്മടെ പിന്നാലെ നടക്കും. ചോദ്യമേറെയായാൽ അമ്മക്ക് ശുണ്ഠി വരും. എന്നാലും ഇത്തിരി കുറുമ്പുകളിലൂടെ നടന്നിരുന്ന കുട്ടിക്കാലത്ത് ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ എൻ്റെ മനസ്സിലുണ്ടായിരുന്നു.

വിഷുക്കണി ഒരുക്കാനായി തലേ ദിവസം രാത്രി കുട്ടികളോടൊക്കെ നേരത്തെ കിടന്നുറങ്ങാൻ അമ്മ പറയും. കണി ഒരുക്കുന്നത് ആരും കാണാൻ പാടില്ല .പക്ഷേ അതൊന്ന് കാണാനുള്ള വീർപ്പുമുട്ടൽ വല്ലാതെ വലയ്ക്കും. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. എപ്പോഴോ ഉറങ്ങിപ്പോയിട്ടുണ്ടാവും. അതിരാവിലെ അമ്മ വിളിച്ചുണർത്തുമ്പോൾ കണി കാണാൻ കണ്ണ് മുറുക്കിയടച്ച് അമ്മക്കൊപ്പം കൈ പിടിച്ച് നടക്കും. മുന്നിൽ സ്വർണ്ണത്തേക്കാൾ തിളക്കമുള്ള ഓട്ടുരുളിയിൽ സമൃദ്ധമായ കൊന്നപ്പൂക്കൾ കൊണ്ടലങ്കരിച്ച നവധാന്യങ്ങളും, കൃഷ്ണ വിഗ്രഹവും കായ്ഫലങ്ങളും സ്വർണ്ണവും, കോടി മുണ്ടും നാണയവുമെല്ലാം കൺകുളിർക്കെ കാണും. അമ്മ ഒരുക്കി വെച്ച കണി ….! എല്ലാവരേയും വിളിച്ചുണർത്തി കണികാണിച്ച ശേഷം അകത്തെ മുറിയിൽ വയ്യാതെ കിടക്കുന്ന അച്ഛന് കാണിക്കും. അതിന് ശേഷം പുറത്തെ തൊഴുത്തിലെ പശുക്കൾക്കും, മറ്റ് കന്നുകാലികൾക്കും, പാടത്തെ പണിയായുധങ്ങൾക്കും കണി കാണിക്കും. അപ്പോഴൊക്കെ അമ്മയുടെ പിന്നാലെ ഒരു വാലു പോലെ ഞാനും നടക്കും. പിന്നീടാണ് വിഷുക്കൈനീട്ടം. അതിന് ശേഷം കമ്പിത്തിരികളും ,പൂത്തിരികളും, മാലപ്പടക്കവും, ഓലപ്പടക്കവുമൊക്കെ ബഹളങ്ങളായിരിക്കും. പിന്നെ ഏട്ടത്തിയ മ്മമാരും, ചേച്ചിമാരുമൊക്കെ വിഷുക്കഞ്ഞി, പുഴുക്ക് എന്നിവയൊക്കെ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. സ്നേഹത്തിൻ്റേയും, സഹവർത്തിത്വത്തിൻ്റേയും, സാഹോദര്യത്തിൻ്റേയും ഇഴയടുപ്പങ്ങൾ ഉണ്ടായിരുന്ന ആ കാലമെല്ലാം ഇന്ന് വിദൂരതയിലാണ്. അമ്മ ഒരുക്കി വെച്ചിരുന്ന കണിയുടെ കാലത്തിൻ്റെ മിഴിയും അടഞ്ഞു. ഇപ്പോൾ മറുനാട്ടിലും നഷ്ടപ്പെട്ട പഴയ വിഷുസ്മരണകൾ ചേർത്ത് വെച്ച് കണിയൊരുക്കുമ്പോൾ അറിയാതെ നിറയുന്ന കണ്ണുകൾ മാത്രം ബാക്കിയാവുന്നു. പിന്നീട് വലുതായപ്പോൾ വിഷുച്ചിന്തകൾക്കും വിശാലതയേറി.

വിഷുക്കണിയും, വിഷുക്കൈനീട്ടവും ആഹ്ളാദത്തിന്റെ പൂത്തിരികളും, മാലപ്പടക്കങ്ങളുമൊക്കെ ആഘോഷത്തിന്‌ മാറ്റ് കൂട്ടുന്നുവെങ്കിലും വിഷു പ്രധാനമായും കാർഷികസംസ്ക്കാരത്തിന്റെ വിളിച്ചറിയിക്കലാണെന്ന് മനസ്സിലായി. ഭൂമിയെ നമിക്കാതെ മനുഷ്യന്‌ ജീവിതമില്ല. അതിനെതിർദിശ കൈക്കൊള്ളുമ്പോൾ അതിന്റേതായ ഭവിഷ്യത്തുകളും സംഭവിക്കുന്നു. പണ്ട് കൃഷി സംസ്ക്കാരമായിരുന്നുവെങ്കിൽ ഇന്നത് വ്യവസായമായിമാറിക്കൊണ്ടിരിക്കയാണ്‌. മണ്ണ്‌ ജീവദായകമാണ്‌. ജീവിതത്തിന്‌ ചൈതന്യം നൽകാൻ പര്യാപ്തമായ മണ്ണിനെ പലകഷണങ്ങളായി വിഭജിച്ചാണ്‌ ഇന്ന് വികസനത്തിന്റെ പാതകൾ മനുഷ്യൻ കൈയ്യേറുന്നത്‌. കാർഷികമായ ആചാരങ്ങൾ, വിശ്വാസങ്ങൾ ‘അനുഷ്ഠാനങ്ങൾ വാമൊഴിവഴക്കങ്ങൾ എല്ലാം വിഷുവെന്ന ആഘോഷത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. കർഷകന്റെ ജ്വലനശേഷിയും, ചലനശേഷിയും മണ്ണിലും ,കലപ്പയിലും, കന്നുകാലികളിലും കാണാം. അചേതനവും സചേതനവുമായ എല്ലാത്തിനും വിഷുക്കണി കാണിക്കുന്ന രീതി പഴയകാലത്തുണ്ടായിരുന്നു. പ്രകൃതി കനിഞ്ഞരുളിയ മനുഷ്യജീവിതം സമർപ്പണത്തിന്റേതായിരുന്നു അക്കാലത്ത്. ഇന്ന് കർഷകരും കൃഷിഭൂമികളും ഉല്പ്പാദനോപകരണങ്ങളുമെല്ലാം അനിവാര്യമായ പരിണാമങ്ങളുടെ സാക്ഷികളായി. പണ്ട് വിതച്ചവൻ കൊയ്യുമായിരുന്നു. ഇന്നതല്ലല്ലൊ നയങ്ങൾ. മണ്ണും ,തൊടികളും ,മരങ്ങളും, പാടങ്ങളും, തേക്കുപാട്ടുകളും ഉഴവുചാലുകളും വിത്തും വളവുമെല്ലാം ഇന്ന് പുതിയ കച്ചവടനയങ്ങൾക്ക് കീഴിലായി.അതിനാൽ തന്നെ വർഷത്തിലൊരിക്കൽ മിഴിതുറക്കുന്ന കണികൊന്നകളും കാലമല്ലാത്ത കാലത്തും പൂക്കാൻ തുടങ്ങി.ഋതുക്കളിലും ഭാവമാറ്റങ്ങൾ സംഭവിച്ചു. പണ്ട് ഓരോ ആഘോഷങ്ങൾക്കും മുന്നോടിയായി പ്രകൃതിയും പൂത്ത് വിശേഷമറിയിക്കും. ഇന്നിപ്പോൾ വിവേചനബുദ്ധിയേറിയ മനുഷ്യന്റെ അതിബുദ്ധിയാൽ കാലമെത്തിയില്ലെങ്കിലും കൃത്രിമ ഉൽപ്പാദനത്തിലൂടെ ഏതുകാലത്തും എന്തും നേടാം എന്നായിത്തീർന്നു. അതിനാൽ ആഘോഷങ്ങൾക്കും പുതുമ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കയാണ്‌. എന്നാലും പ്രവാസിയെ സംബന്ധിച്ചാവുമ്പോൾ യാന്ത്രികജീവിതത്തിന്നിടക്കുള്ള ചില തണ്ണീർപ്പന്തലുകളാണ്‌ വിഷുവും ഓണവുമെല്ലാം. അതുകൊണ്ട് തന്നെ പെറ്റമ്മയെ വിട്ട് പോരേണ്ടി വന്ന അവർ ആഘോഷങ്ങൾക്ക് മറ്റു കൂട്ടുവാനും മറക്കുന്നില്ല. മഴത്തുള്ളികളുമ്മവെച്ചുണർത്തി വരണ്ടമണ്ണിനു മണം നല്കുന്നതുപോലെ പ്രവാസിമലയാളികൾക്ക് കേരളീയത്തനിമ നിറഞ്ഞ അവസരങ്ങൾ അമ്മയുടെ മണം നിറഞ്ഞ മടിത്തട്ടിലേക്കെത്തും വിധമാണെന്ന് പറയാതെ തരമില്ല. അമ്മ അഥവാ പിറന്ന നാട് പ്രവാസിയെ സംബന്ധിച്ച് ഗൃഹാതുരത്വം നിറഞ്ഞതുതന്നെയാണ്‌. പെറ്റമ്മയും പെറ്റമണ്ണും വിദൂരത്താണെങ്കിലും അവർ ഇരിക്കുന്നിടത്ത് തന്റേതായ മണ്ണിന്റെ മണം വെച്ചുപിടിപ്പിക്കുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും തന്റെ സംസ്ക്കാരങ്ങളെ ഊട്ടിയുറപ്പിക്കുന്നു. സംസ്ക്കാരം നഷ്ടപ്പെട്ടാൽ പിന്നെ വളർച്ച മുരടിക്കും. വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകതന്നെ വേണം.മണ്ണും ചേറും ചേറിൽ പണിയെടുക്കുന്ന കൃഷീവലന്മാരും പൊന്നായി വിളയുന്ന വിത്തും മുറ്റം കടന്നെത്തുന്ന നെൽക്കറ്റകളും മുറ്റത്തു നിറയുന്ന വൈക്കോൽകൂനകളും ഇല്ലങ്ങളിൽ നിറയുന്ന വല്ലങ്ങളും എല്ലാം ഇന്ന് നമ്മുടെ പൊയ്പ്പോയ സ്വപ്നങ്ങളാണ്‌. വിഷുവിനുപയോഗിക്കുന്ന ഫലമാണ്‌ ചക്ക. തേനോലുന്ന ചക്കപ്പഴങ്ങളുടെ ഗന്ധമെല്ലാം ഇന്നു വിദൂരം.വിഭവസമൃദ്ധമായ ഭൂമിയുടെ സ്വപ്നങ്ങൾ പൂക്കുന്ന ആ കാലത്തെ വിളിച്ചുണർത്തുന്ന വിഷു കർണ്ണാടകയിലെ മണ്ണിലും പൂത്തുവിരിയുന്നു. നഗരവാസത്തിന്റെ കൊടുംതളർച്ചയിലും അതിജീവനത്തിന്റെ വായ്ത്താരികളിലും പരസ്പരം അറിയാൻ നേരമില്ലാത്ത അവസരത്തിൽ ആഘോഷങ്ങളിൽ മലയാളികൾ ഒത്തുകൂടുന്നുവെന്നതും സന്തോഷം. കക്ഷിരാഷ്ട്രീയങ്ങളും സ്വാർത്ഥതാല്പ്പര്യങ്ങളും കൊടികുത്തിവാഴുമ്പോൾ ഇടയ്ക്ക് വീണുകിട്ടുന്ന ഈ മുഹൂർത്തങ്ങളിലെങ്കിലും മനുഷ്യനറിയേണ്ടതല്ലെ ഒരുമയുടെയും സ്നേഹത്തിന്റേയും വിളവെടുപ്പുകൾ. ജീവിതം നിമ്നോന്നതമാണെന്ന്‌ പണ്ട് മഹാകവി ഇടശ്ശേരി പാടിയിട്ടുണ്ട്‌. എന്നാലും ഈ ജീവിതമാകുന്ന തേര്‌ പായിക്കാൻ ഇഷ്ടപ്പെടുന്നത് കയറ്റിറക്കങ്ങളിലാണ്‌. നിരപ്പായ സ്ഥലത്ത് തേരോടിക്കുന്നതിന്റെ സുഖം കയറ്റിറക്കങ്ങളിൽ ലഭിക്കില്ല. കയറ്റിറക്കങ്ങളിൽ ഓടിക്കുന്നതുതന്നെ അഭികാമ്യം എന്നും കവി പറയുന്നു. ആരോഹണാവരോഹങ്ങൾ നിറഞ്ഞതാണ്‌ ജീവിതം. അനുഭവങ്ങളുടെ തേരാണിവിടെ മനുഷ്യനെ നയിക്കുന്നത്`. ജീവിതം സുഖസമൃദ്ധം മാത്രമല്ല. അത് ദുഃഖം കൂടി ചേർന്നതാണ്‌.അങ്ങിനെയാകുമ്പോഴെ യഥാർത്ഥ ജീവിതവും അറിയാനാകു. അപ്പോഴെ ഇത്തരം ആഘോഷങ്ങൾക്കും നിർവൃതിയുണ്ടാകു. എന്തായാലും ഈ മറുനാട്ടിലും ഇപ്പോൾ കണിക്കൊന്നകൾ മിഴി തുറന്നുനില്ക്കുന്നു. മലയാളി എവിടെയായാലും അവിടേയും മലയാളിക്കുവേണ്ടി പൂത്താലിയണിഞ്ഞ് മഞ്ഞപ്പട്ടണിഞ്ഞ് സുന്ദരിയായ കണിക്കൊന്നകൾ സ്വാഗതമറിയിച്ച് പൂത്താലങ്ങളേന്തി നില്ക്കുമ്പോൾ കവിക്കൊപ്പം നമുക്കും ചേർന്ന് പാടാം:

“ഞാനൊരു കർഷകനത്രേ
നട്ടുവളർത്തുന്നു ഞാൻ കരിമ്പിവിടെ
മധുരം നിർവൃതികരമുരു-
മാധ്വി തുടിക്കുന്നുമുണ്ടിതിൻ തണ്ടിൽ”

മിഴി തുറക്കുന്ന കണിക്കൊന്നകൾക്കൊപ്പം ഒരുമയുടെയും സ്നേഹത്തിന്റേയും കരിമ്പിവിടേയും നമുക്കൊന്നുചേർന്ന് നട്ടുപിടിപ്പിക്കാം.ആ തണ്ടിലൂടെ ഒഴുകിവരുന്ന മധുരരസവും വിളമ്പിടാം. പ്രകൃതിയെ അറിയുക , പ്രകൃതിയെ സംരക്ഷിക്കുക.എന്നാൽ മനുഷ്യ സമൂഹത്തിനും രക്ഷ കിട്ടിയേക്കാം. …!

The post വിഷുച്ചിന്തകൾ appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ്...

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം...

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ്...

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു....

Topics

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ്...

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന്...

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന...

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്...

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട്...

Related News

Popular Categories

You cannot copy content of this page