മംഗളൂരു: കൊങ്കൺ റെയില്‍ പാതയിൽ ഉഡുപ്പിക്കു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ജോലിക്കിടെ പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്.
കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രദീപ് ഷെട്ടി ഉടന്‍ കൊങ്കണ്‍ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഇതുവഴി കടന്നുപോകേണ്ട ട്രെയിനുകള്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ട ട്രെയിന്‍.
വന്‍ ദുരന്തമാണ് ഭാഗ്യത്തിന് ഒഴിവായത്. പാളത്തിലെ തകരാർ പരിഹരിച്ചതിന് ശേഷം പുലര്‍ച്ചെ 5.58 ഓടെ 20 കിലോമീറ്റർ വേഗത നിയന്ത്രണത്തോടെ ഗതാഗതം പുനരാരംഭിച്ചു. പ്രദീപ് ഷെട്ടിക്ക് കൊങ്കണ്‍ റെയില്‍വേ 25,000 രൂപ പാരിതോഷികം നല്‍കി. ഉച്ചയ്ക്ക് ശേഷം പുനഃസ്ഥാപിച്ച ട്രാക്ക് സൈറ്റിൽ വെച്ച് തന്നെ കൊങ്കണ്‍ അധികൃതര്‍ ഷെട്ടിക്ക് അവാർഡ് സമ്മാനിച്ചു.