ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തക്കച്ചവടക്കാരൻ ബെംഗളൂരുവിൽ പിടിയിൽ. കണ്ണൂർ സ്വദേശിയായ അഷ്‌കറിനെയാണ് നേമം പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. രണ്ടാഴ്ച മുമ്പ് പ്രാവച്ചമ്പലം ജംഗ്ഷനിൽ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിൻ നൗഷാദ് എന്നയാളെ നേമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഷ്‌കർ പിടിയിലാകുന്നത്.
തന്നെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ അഷ്‌കർ യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിൽ ഒളിക്കുകയായിരുന്നു. പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാത്തതിനാൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. തുടർന്ന് പ്രതിയെ മൽപിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അഷ്‌കറിനെ കേരളത്തിൽ എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
TAGS: BENGALURU | ARREST
SUMMARY: Drug supplier to Kerala arrested in Bangalore